കുറ്റിച്ചിറയുടെ പൈതൃകം തേടി ...... kuttichira
കുറ്റിച്ചിറയുടെ പൈതൃകം തേടി ......
അവിചാരിതമായാണ് പ്രിയ സുഹൃത്തും
പുല്ലൂര്‍ റഹ്മത്ത് സ്കൂളിലെ ബയോളജി അദ്ധ്യാപകനുമായ ശബീബ് സാറിന്റെ ഫോണ്‍ വന്നത്. ചില ആവശ്യങ്ങള്‍ക്കായി
കോഴിക്കോട് പോകാന്‍ തീരുമാനിച്ചിരുന്നെങ്കിലും ബസ്സ് യാത്രയായിരുന്നു
ആഗ്രഹിച്ചിരുന്നത്. "ബൈക്കില്‍ പോവുകയല്ലേ നല്ലത്; ഞാനും
കൂടെ പോരാം” എന്ന സ്നേഹ മസൃണമായ അഭ്യര്‍ത്ഥനക്ക് മുമ്പില്‍ മറ്റൊന്നും
ആലോചിക്കാനായില്ല. 9.15 ഓടെ മഞ്ചേരിയില്‍ നിന്നും ബൈക്കില്‍ യാത്രയാരംഭിച്ചു. ഞായറാഴ്ച്ച (15/01/2017) നടക്കാനിരുന്ന
മഞ്ചേരി റെയ്ഞ്ച് ജമഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇസ്ലാമിക കലാമേളക്ക് വേണ്ട ട്രോഫികള്‍
വാങ്ങുകയായിരുന്നു പ്രധാന ലക്ഷ്യം.
ശബീബ് സാര്‍
കൂടെയുള്ളതിനാല്‍ യാത്രയുടെ പ്ലാന്‍ ചെറുതായൊന്ന് മാറ്റി.
കോഴക്കോട് ബീച്ചിനടുത്ത് ഇടിയങ്ങരയില്‍
അന്ത്യവിശ്രമം കൊള്ളുന്ന 'അബുല്‍ വഫാ ശംസുദ്ദീന്‍ മുഹമ്മദ്ബ്നു അലാഉദ്ദീന്‍ ഹിംസി (റ)' എന്ന മഹാനുഭവന്റെ
മഖ്ബറയിലേക്ക് നേരെ പോയി. ശൈഖ് മാമുക്കോയ എന്നും അദ്ദേഹത്തിന് പേരുണ്ട്. തിരൂര്‍ - താനൂര്‍ - പരപ്പനങ്ങാടി
പ്രദേശങ്ങളിലെ കടപ്പുറവാസികളുടെ പിന്‍മുറക്കാന്‍ ഈ മഹാന്‍ വഴി
ഇസ്ലാമിലെത്തിയെന്നാണ് ചരിത്രം. അപ്പവാണിഭ നേര്‍ച്ചയെന്ന പേരില്‍ ശൈഖ് പള്ളിയില്‍ എല്ലാ വര്‍ഷവും
മഹാനുഭാവന്റെ ആണ്ട് നേര്‍ച്ച നടക്കാറുണ്ട്.
കുറ്റിച്ചിറ
മിസ്കാല്‍ പള്ളി സന്ദര്‍ശിക്കുകയെന്നത് ഒരുപാട് കാലത്തെ ആര്ഗഹമായിരുന്നു. സിയാറത്ത്
യാത്രകളില്‍ പലപ്പോഴും എത്തിച്ചേരാത്ത ഇടം എന്നതിനാല്‍ ഇന്ന് കേട്ടറിവ് മാത്രമുള്ള
കുറ്റിച്ചിറയില്‍ പോകണമെന്ന് സുഹൃത്തിനോട് പറഞ്ഞു. ശൈഖ് പള്ളിയില്‍ നിന്നും പുറത്തിറങ്ങി
ബീച്ചിലേക്ക് പോകുന്പോള്‍ രണ്ടാമത്തെ ഹംപ് കഴിഞ്ഞ ഉടെനെ വലത് ഭാഗത്തേക്ക് തിരിഞ്ഞ്
അര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചരിത്ര പ്രസിദ്ധമായ കുറ്റിച്ചിറ മിസ്കാല്‍
പള്ളിയിലെത്താം.
കടപ്പുറത്ത്
നിന്നും അര കിലോമീറ്റര്‍ മാത്രം അകലെ കുറ്റിച്ചിറ കുളത്തിന് വടക്ക് ഭാഗത്തായി
പഴമയുടെ പ്രൗഡിയുമായി അഞ്ച് നിലകളില്‍ തലയെടുപ്പോടെ നിലകൊള്ളുന്ന മിസ്കാല്‍
പള്ളിക്ക് എഴുനൂറോളം വര്‍ഷത്തെ പഴക്കമുണ്ട്.പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍
കോഴിക്കോട് താമസമാക്കിയ യമന്‍ വംശജനായ നാഖൂദ മിസ്കാല്‍ എന്ന അറബി പ്രമുഖനാണ് ഈ
പള്ളി നിര്‍മ്മിച്ചത്. ഇരുപതോളം ചരക്കു കപ്പലുകളുടെ ഉടമയായിരുന്ന അറേബ്യന്‍
ദനാഢ്യനായിരുന്നു ഇദ്ദേഹം.
ഒട്ടധികം അല്‍ഭുതങ്ങള്‍
ഇന്നത്തെ മനുഷ്യര്‍ക്ക് ഈ പള്ളിയില്‍ കാണാനാകും. 7 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മ്മിച്ച
ഈ പള്ളിക്ക് 7 നിലകളുണ്ടായിരുന്നുവെന്നും
പോര്‍ച്ചുഗീസുകാര്‍ ഈ പള്ളി തീയിട്ട് 2 നിലകള്‍ പാടെ നശിച്ച് 5 നിലകള്‍
ആയതാണെന്നും കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ നിന്നും
അസിസ്റ്റന്റ് ലൈബ്രേറിയനായി വിരമിച്ച പി.കെ.എം കോയ ഞങ്ങളോട് പറഞ്ഞു. പ്രദേശത്തെ
സാഹചര്യങ്ങളും ചരിത്ര ശേഷിപ്പുകളും വിശദീകരിച്ച് തന്ന അദ്ദേഹത്തെ ഈ യാത്രയില്‍
കാണാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നു.
സമീപത്തുള്ള വലിയ
കുളം (കുറ്റിച്ചിറ
കുളം) പള്ളി
നിര്‍മ്മാണത്തിന് മണ്ണെടുത്തുണ്ടായതാണ്. ചേരിക്കുഴി പറമ്പ്
എന്നറിയപ്പെട്ടിരുന്ന വലിയ കുഴിയാണ് പള്ളിക്ക് വേണ്ടി മണ്ണിട്ട് നികത്തിയത്. മണ്ണെടുത്ത ഈ കുഴി
പിന്നീട് ഏതോ മഹാന്‍ പടവുകള്‍ കെട്ടി ചിറയാക്കിത്തീര്‍ത്തത്. (മിസ്കാല്‍
പള്ളിയുടെ ചരിത്രം പിന്നീട് വിശദമായി എഴുതുന്നതാണ്. ഇ.അ)
തൊട്ടടുത്തായി
നോക്കിയാല്‍ കാണുന്ന ദൂരത്തില്‍ കുറ്റിച്ചിറ ജുമുഅത്ത് പള്ളി സ്ഥിതി ചെയ്യുന്നു. ആയിരം വര്‍ഷത്തെ
പഴക്കം ഈ പള്ളിക്കുണ്ട്. രണ്ട് നടുമുറ്റത്തോട് കൂടിയ അകത്തെ പള്ളിയില്‍ ഒരു സ്വഫില്‍ 90 ആളുകള്‍ വീതം
ആയിരത്തോളം ആളുകള്‍ക്ക് നിസ്കരിക്കാനുള്ള സൗകര്യമുണ്ട്. (ഇതിന്റെ നിര്‍മ്മാണം 1000 കൊല്ലങ്ങള്‍ക്ക്
മുമ്പാണെന്ന് ഓര്‍ക്കണം) കണ്ടെടുക്കപ്പെട്ടതില്‍ ഏറ്റവും ആദ്യമായി മലയാള നാട്ടില്‍
വിരചിതമായ സാഹിത്യ സൃഷ്ടിയായ മുഹ് യദ്ദീന്‍ മാല കേരളീയര്‍ക്ക് സുപരിചിതമാണല്ലോ. ഇതിന്റെ കര്‍ത്താവായ
ഖാസി മുഹമ്മദ് (റ) അന്ത്യ വിശ്രമം
കൊള്ളുന്നത് കുറ്റിച്ചിറ പള്ളിയുടെ സമീപത്താണ്. ഇതിന്റെ തൊട്ടു പിന്നിലായാണ് ജിഫ്രി
ഹൗസും ശൈഖ് ജിഫ്രി (റ) ന്റെ മഖാമും സ്ഥിതി ചെയ്യുന്നത്.
തൊട്ടടുത്തായി ഒരു സഹസ്രാബ്ദത്തിലധികം പാരമ്പര്യം പേറി (1100 കൊല്ലം) മുച്ചുന്തിപ്പള്ളി തലയെടുപ്പോടെ
നിലകൊള്ളുന്നു. കോഴിക്കോട്ടെ ആദ്യത്തെ മുസ്ലിം പള്ളിയാണിത്. ഉയരം കൂടിയ തറയും വീതിയുള്ള ചുമരുകളും മച്ചില്‍
കൊത്തിവെക്കപ്പെട്ട ഖുര്‍ആന്‍ ലിഖിതങ്ങളും പതിമൂന്നാം നൂറ്റാണ്ടിലെ ഒരു ശിലാ
ലിഖിതവും ഈ പള്ളിയുടെ പ്രത്യേകതയാണ്. മലയാളത്തിന്റെ മഹാ കവിയായി
അറിയപ്പെടുന്ന മോയിന്‍കുട്ടി വൈദ്യര്‍ മുച്ചുന്തിപ്പള്ളിയാല്‍ താമസിച്ചാണ്
മാപ്പിളപ്പാട്ടുകള്‍ രചിച്ചിരുന്നത്. പാരമ്പര്യം കൊണ്ടും പ്രശസ്തി
കൊണ്ടും ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന ധാരാളം തറവാടുകള്‍ കുറ്റിച്ചിറയിലുണ്ട്. പഴമയുടെ പാരമ്പര്യവും പൈതൃകവും നിലനിര്‍ത്തി
പുതുമക്ക് വേണ്ടത്ര പിടികൊടുക്കാതെ പോയ കാലത്തെ പ്രതാപം അയവിറക്കി കുറ്റിച്ചിറ
ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു.
NB: മിസ്കാല്‍ പള്ളി, ജുമുഅത്ത് പള്ളി, മുച്ചുന്തിപ്പള്ളി, തറവാട് വീടുകള്‍, ജിഫ്രി ഹൗസ്, ഖാളി മുഹമ്മദ് (റ), ശൈഖ് ജിഫ്രി (റ) തുടങ്ങിയ വിഷയങ്ങളില്‍ വിശദമായി
എഴുതാനാഗ്രഹിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍
അറിയുന്നവര്‍ 9744409728 എന്ന നമ്പറിലോ sainuekr@gmail.com
എന്ന വിലാസത്തിലോ
അറിയിക്കണമെന്ന് വിനയത്തോടെ അഭ്യര്‍ത്ഥിക്കുന്നു.
സൈനുദ്ദീന്‍
എളങ്കൂര്‍
9744409728
fb : sainuddin elenkur










Comments
Post a Comment